Thursday, January 21, 2016

ടെറസ് കൃഷി: ചില വലിയ ചെറിയ കാര്യങ്ങൾ (part 3)

ഗ്രോബാഗിലെ പച്ചക്കറി കൃഷി -  മണ്ണുനിറയ്ക്കൽ - തൈ നടൽ - പരിചരണംതൈകൾ നടാനുള്ള മിശ്രിതം തയ്യാറാക്കലാണ് ആദ്യപടി. നൂറു കിലോ മിശ്രിതമെങ്കിലും വേണ്ടിവരും 50 ബാഗുകൾ നിറയ്ക്കാൻ. മേൽമണ്ണ്, ചകിരിച്ചോർ (നിയോപീറ്റ് എന്ന പേരിലൊക്കെ വരുന്ന കമ്പ്രസ് ചെയ്ത ചകിരിച്ചോർ കട്ട) എന്നിവ 1:1 അനുപാതത്തിലെടുത്ത് പത്തുകിലോ ചാണകപ്പൊടി, ഓരോകിലോ എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവ കലർത്തി ആണ് ഞാൻ ഇത് ഉണ്ടാക്കിയത്. അതിനു മുൻപ് മണ്ണ് മാത്രം ചെറിയ നനവോടെ ഒരു കിലോ ട്രൈക്കോഡർമ  മിക്സ് ചെയ്ത് ഒരാഴ്ച പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിടണം. ഈ സാധനം പൊടിരൂപത്തിലും ലായനി രൂപത്തിലും വാങ്ങാൻ കിട്ടും.
എല്ലാം റെഡി ആയാൽ ചുമ്മാ വാരി ബാഗിൽ നിറയ്ക്കുക. ഒരു മുക്കാൽ ഭാഗം നിറഞ്ഞോട്ടെ.
(എല്ലാവർക്കും ഇതൊക്കെ ചിലപ്പൊ നടപടി ഉള്ള കാര്യം ആവില്ല. നിറച്ച ഗ്രോബാഗുകൾ വാങ്ങാനും കിട്ടും. കൃഷി ബിസിനസ് കേന്ദ്രത്തിലെ വില ബാഗൊന്നിനു 80 രൂപ ആണ്. കൂടെ രണ്ടുവീതം പച്ചക്കറി തൈകൾ ഫ്രീ.)

അടുത്തത് വിത്തുകൾ അല്ലെങ്കിൽ തൈകൾ. മികച്ച കമ്പനികളുടെ ഹൈബ്രിഡ് വിത്തുകളാണു ഞാൻ ഉപയോഗിക്കാറുള്ളത്. ഇപ്പൊ വളവും കൃഷി ഉപകരണങ്ങളുമൊക്കെ വിൽക്കുന്ന കടകളിലെല്ലാം ഇവ കിട്ടും.
(ഇത്തരം ഒരു കട തുടങ്ങാൻ പ്ലാനുണ്ട്. സമാനമനസ്കർ ആരെങ്കിലും കാശ് മുടക്കാൻ തയ്യാറുണ്ടെങ്കിൽ ഒരു കൈ നോക്കാം) സീഡിംഗ് ട്രേകളിൽ നമ്മൾ മുകളിലുണ്ടാക്കിയ മിശ്രിതം തന്നെ നിറച്ച് വിത്തുകൾ മുളപ്പിക്കാം. അതിനൊന്നും മെനക്കെടാൻ പറ്റില്ലെങ്കിൽ സർക്കാരിന്റെ കൃഷി ബിസിനസ് കേന്ദ്രങ്ങളിൽ നിന്നോ നേഴ്സറികളിൽ നിന്നോ മികച്ചയിനം തൈകളും വാങ്ങാൻ കിട്ടും. രണ്ടാഴ്ച ഒക്കെ പ്രായമെത്തിയ തൈകൾ ഗ്രോബാഗുകളിൽ നടാം.

ഇനി, മഴക്കാലത്ത് അടിയിൽ ലീക്കേജ് ഒന്നും കാണാത്ത ടെറസ് ആണെങ്കിൽ നേരിട്ട് പരിപാടി തുടങ്ങാം.

അല്ലെങ്കിൽ കുറെ വൈറ്റ് സിമന്റും ഡോക്ടർ ഫിക്സിറ്റിന്റെ വാട്ടർ പ്രൂഫിംഗ് കോമ്പൗണ്ടും കലക്കി
രണ്ടോമൂന്നോ കോട്ട് അങ്ങ് പൂശുക. അതുമല്ലെങ്കിൽ കട്ടിയുള്ള പോളിത്തീൻ ഷീറ്റ് വിരിക്കാം. ഞാൻ ചില കണക്കുകൂട്ടലുകളുടെ പിൻബലത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഗ്രോബാഗ് നിരത്തി.
ചുവന്ന ഇഷ്ടിക മൂന്നെണ്ണം വീതം ഒന്നര ഇഞ്ച് അകലത്തിൽ ചെരിച്ച് വെച്ച് അതിനു മുകളിൽ വേണം നിറച്ച ബാഗുകൾ വയ്ക്കാൻ. ഏകദേശം ഒരുമീറ്ററോളം അകലം വിട്ട് വേണം ബാഗുകൾ നിരത്താൻ. ഇത് പിന്നീടുള്ള പരിചരണം എളുപ്പമാക്കും.

ഡ്രിപ് ഇറിഗേഷൻ സംവിധാനം വല്ലതും ചെയ്യുന്നുണ്ടെങ്കിൽ തൈകൾ നടുന്നതിനു മുമ്പ് തന്നെ അതും ചെയ്യുന്നതാകും നല്ലത്. തൈകൾ നട്ട് ആദ്യത്തെ ഒന്നുരണ്ടാഴ്ച ആവശ്യത്തിനു വെള്ളമൊഴിച്ച് കൊടുത്താൽ മാത്രം മതിയാകും. അതിനു ശേഷമാണു പണി മലപോലെ വരാൻ പോകുന്നത്. നമ്മൾ വളരെ കാര്യക്ഷമമായ പരിചരണ രീതികളിലൂടെ ഒക്കെയാണു കാര്യങ്ങൾ ചെയ്യാൻ പോകുന്നതെന്ന് ആദ്യത്തെ പോസ്റ്റിൽ പറഞ്ഞല്ലോ. ഞാൻ സ്വീകരിച്ച കൃഷിപരിപാലന രീതിയുടെ മുഴുവൻ ക്രെഡിറ്റും ജോൺ ഷെറി എന്ന അഗ്രിക്കൾച്ചർ ഓഫീസർക്കാണു പോകുന്നത്. ഇദ്ദേഹത്തെ ഞാൻ ഇന്നുവരെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഒന്നും ഇല്ല. ജോൺ ഷെറിയുടെ ടൈം ടേബിൾ ഫേസ്ബുക്കിലും ചില ബ്ലോഗുകളിലുമൊക്കെയായി നെറ്റിൽ കറങ്ങി നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. അടുത്ത കാലത്താണ് ഞാൻ ഇത് പരീക്ഷിക്കുന്നത്. ലഭ്യമായ റിസോഴ്സസിനെ ആശ്രയിച്ച് ചെറിയ മാറ്റങ്ങൾ ഒക്കെ വരുത്തി ഇപ്പൊ ചെയ്തോണ്ടിരിക്കുന്ന കാര്യങ്ങൾ താഴെ പറയാം.

ഞായറാഴ്ച: വളമിടൽ ദിവസം. 
ഇടാനുള്ള വളം (സത്യത്തിൽ ഇടുകയല്ല, ഒഴിക്കുകയാണ്) നേരത്തെ തയ്യാറാക്കണം.
അത് ഇങ്ങനെ: ഒരുകിലോ ചാണകപ്പൊടി, 100 ഗ്രാം വേപ്പിൻ പിണ്ണാക്ക്, 100 ഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക്, 100 ഗ്രാം എല്ലുപൊടി എന്നിവ വെള്ളം ചേർത്ത് ഇഡ്ഡലിമാവ് പരുവത്തിലാക്കി മിക്സ് ചെയ്ത് നാലഞ്ച് ദിവസം അടച്ച് വെച്ചേക്കുക. നാലഞ്ച് ദിവസം കഴിയുമ്പൊ അത് പുളിച്ച് റെഡി ആകും. ഇതിൽ പത്തിരട്ടി വെള്ളം ചേർത്ത് കലക്കി ഓരോ ഗ്രോബാഗിലും ഒരു അരലിറ്റർ കണക്കിൽ ഒഴിച്ച് കൊടുക്കുക.
(ഒരുകിലോയുടെ കണക്ക് പ്രകാരമുള്ള മിക്സ് ഒരു 25 -30 ബാഗിനു തികയും)

തിങ്കളാഴ്ച: വെള്ളമൊഴിച്ച് തോട്ടത്തീക്കൂടെ അങ്ങനെ കറങ്ങി നടക്കും.

ചൊവ്വാഴ്ച: ഫിഷ് അമിനോ ആസിഡ് ഒരു ലിറ്ററിനു രണ്ട് മില്ലി വീതം ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കുക. ഈ സാധനം വേണേൽ വീട്ടിൽ ഉണ്ടാക്കാം. സർക്കാരിന്റെ ഒരൈറ്റം വരുന്നുണ്ട്. VFPCK യിൽ നിന്ന് മേടിക്കാറാണു പതിവ്.

ബുധനാഴ്ച: സ്യൂഡൊമൊണാസ് ഫ്ലൂറൻസ്.
ഈ സാധനം ഒരു ബാക്ടീരിയ ആണ്. വേരോട്ടം കൂടാനും കുമിൾ രോഗമൊക്കെ തടയാനും ഉപകരിക്കും. ഇതിനെ 5 മില്ലി വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇച്ചിരീശെ ഓരോ ബാഗിലും ഒഴിക്കുക. മാസത്തിലൊരിക്കൽ ഈ പ്രയോഗത്തിനു മുമ്പ് ഗ്രോബാഗുകളുടെ അരികുവഴി ഓരോ സ്പൂൺ കുമ്മായം തൂകിക്കൊടുക്കുക.

വ്യാഴം: വെള്ളമൊഴിച്ചാ മാത്രം മതി.

വെള്ളി: കീടനിയന്ത്രണ ദിവസം.
നിംബിസിഡിൻ പോലുള്ള ഏതെങ്കിലും ഓർഗാനിക് പെസ്റ്റ് കണ്ട്രോളർ അതിന്റെ അളവനുസരിച്ച് പൂശുക. ടാഗ് ഫോൾഡർ എന്ന പേരിൽ വരുന്ന ഒരു ഓർഗാനിക് സമ്യുക്തമാണു നമ്മുടെ ആയുധം. ഇത് അഞ്ച് മില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും തണ്ടുകളിലും ഒക്കെ സ്പ്രേ ചെയ്യുക. അതിരാവിലെയോ സന്ധ്യയ്ക്കോ പ്രയോഗിക്കുന്നതാണു നല്ലത്.  മീലി ബഗ്സ് അടക്കം സകല അക്രമികളും നമ്മടെ ചെടികളോട് മുട്ടാൻ പിന്നെ ഒന്ന് മടിക്കും.

ശനി അവധി.

ഈ പരിപാടികൾ ഒക്കെ വലിയ മാറ്റം ഒന്നുമില്ലാതെ ചെയ്താൽ തരക്കേടില്ലാത്ത വിളവ് കിട്ടും എന്ന കാര്യത്തിൽ ഞാൻ ഗ്യാരന്റി, ബിഗ് താങ്ക്സ് ടു ജോൺ ഷെറി സർ.

അപ്പൊ അത്രേയുള്ളു ഗ്രോബാഗിലെ പച്ചക്കറി കൃഷി.
എന്ത് സഹായത്തിനും സംശയത്തിനും എന്നെ വിളിക്കാം. അറിയാവുന്ന വിവരങ്ങൾ പറഞ്ഞു തരാൻ എപ്പളും റെഡി.
മൈ നമ്പർ ഈസ് : 9995644666

No comments: