Wednesday, January 20, 2016

ടെറസ് കൃഷി: ചില വലിയ ചെറിയ കാര്യങ്ങൾ (part 1)

 
ടെറസ് കൃഷി: ചില വലിയ ചെറിയ കാര്യങ്ങൾ (part 1)

ടെറസിനു മുകളിലെ കൃഷിയിൽ നടത്തിയ ചില പരീക്ഷണങ്ങൾ വിജയിച്ചതിന്റെ ഒരു ത്രില്ലിലാണ് ഞാൻ. പലകാലങ്ങളിലായി പല പരീക്ഷണങ്ങളും നടത്തി, ചിലതൊക്കെ വിജയിച്ചെങ്കിലും ആവേശം തീർന്നപ്പൊ അതുപേക്ഷിച്ച് പുതിയ അറിവുകൾ പരീക്ഷിച്ച് നോക്കലായിരുന്നു ഹോബി. എന്നാലിപ്പോൾ, വിഷമില്ലാത്ത പച്ചക്കറികൾ - തികച്ചും ഓർഗാനിക് ആയിത്തന്നെ നട്ടുനനച്ച് ഉണ്ടാക്കിയവ - വീട്ടിലെ ആവശ്യത്തിലും അധികമായി ഉണ്ടാകാൻ തുടങ്ങിയപ്പൊ അതിൽത്തന്നെ അങ്ങ് ഉറച്ച് നിൽക്കാനുള്ള തീരുമാനമെടുക്കാൻ അത് പ്രേരണയായി. ഒരാവേശത്തിനു കൃഷി തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചത് പോലുള്ള വിളവൊന്നും ഉണ്ടാകാത്തത് കൊണ്ട് ആവേശം കെട്ടടങ്ങി ഈ പരിപാടി ഉപേക്ഷിച്ച ധാരാളം പേരുണ്ട്. അങ്ങനെയുള്ളവർക്കും, സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി വീട്ടിലെ പരിമിതമായ സ്ഥല സൗകര്യങ്ങളിലൊതുങ്ങി നിന്നുകൊണ്ട് ഉദ്പാദിപ്പിക്കാൻ താല്പര്യമുള്ളവർക്കും പ്രചോദനമാകുമെങ്കിൽ ആയിക്കോട്ടെ എന്ന പ്രതീക്ഷയിലാണ് ഈ കുറിപ്പ് എഴുതുന്നത്.
ആദ്യമേ തന്നെ പറയട്ടെ, തൊടിയിലും പറമ്പിലും ചെയ്യുന്ന കൃഷിയെപ്പറ്റി എനിക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ. മുറ്റത്തോ ടെറസിന്റെ മുകളിലോ ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനെക്കുറിച്ച് മാത്രമാണ് പറയുന്നത്.

2013 ജനുവരിയിലാണു തുടക്കം. കൃഷിഭവനിൽ പോയി  500 രൂപ അടച്ചാൽ 25 ഗ്രോബാഗുകളിൽ മണ്ണും വളവുമൊക്കെ നിറച്ച് അഞ്ചിനം പച്ചക്കറിത്തൈകൾ നട്ട് നമ്മുടെ വീട്ടിന്റെ മുറ്റത്തോ കൊണ്ടുവന്ന് വച്ച് തരും എന്ന് കേട്ടപ്പൊ സംഗതി കൊള്ളാമെന്ന് തോന്നി. കൃഷികാര്യത്തിൽ അല്പജ്ഞാനിയായ ഞാൻ കയ്യോടെ ചെന്ന് കാശടച്ച് പേരു രെജിസ്റ്റർ ചെയ്തു, പതിനഞ്ചാം പക്കം സാധനം വീട്ടിലെത്തി. ബാഗുകൾ ടെറസിന്റെ മുകളിൽ കൊണ്ടുവന്ന് ചെടിയൊക്കെ നട്ട് തന്ന തമിഴ്ക്കാരൻ ചേട്ടനായിരുന്നു ഗ്രോബാഗ് കൃഷിയിലെ ആദ്യഗുരു.
"ഇതിനെന്തൊക്കെ വളമാ ചേട്ടാ ഇടണ്ടെ?" എന്ന ചോദ്യത്തിന്
"ഇതിൽ വളം ഒന്നും ഇടേണ്ട കാര്യമില്ല. എല്ലാ വളവും ചേർത്താണ് മണ്ണ് നിറച്ചിട്ടുള്ളത്. ദിവസവും നനച്ച് കൊടുത്താൽ മാത്രം മതി" എന്നായിരുന്നു ഉത്തരം.  ഇതിലെ ശരിതെറ്റുകളൊക്കെ മനസ്സിലായിവരാൻ കാലം പിന്നെയും ഒരുപാട് വേണ്ടിവന്നു. 


ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങിയ ഡ്രിപ് ഇറിഗേഷൻ കിറ്റ് ഉപയോഗിച്ച് നനയ്ക്കാനുള്ള സംവിധാനം ഒക്കെ ഏർപ്പാടാക്കി. ചെടികൾ വളാർന്നുവരാൻ തുടങ്ങിയപ്പോളാണ് പ്രശ്നങ്ങൾ ഓരോന്നായി പലരൂപത്തിൽ കണ്ടുതുടങ്ങിയത്. ആ പഞ്ചായത്തിലെ സകല കീടങ്ങളും എന്റെ ടെറസിന്റെ മുകളിൽ സംസ്ഥാനസമ്മേളനം നടത്തുകയായിരുന്നു പിന്നെ. പിന്നെ അതുങ്ങളെ കൊല്ലാനും ഓടിക്കാനും ഉള്ള മാർഗ്ഗങ്ങളന്വേഷിച്ച് ഓൺലൈനിലും ഓഫ്‌ലൈനിലും പരതാൻ തുടങ്ങി. പുകയിലക്കഷായം, വേപ്പെണ്ണ എമൽഷൻ, കൊക്കക്കോള പ്രയോഗം എന്നുവേണ്ട, പച്ചക്കറികളിലെ കീടാക്രമണം തടയാൻ ലോകമൊന്നടങ്കം കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നു തോന്നും ഇതിന്റെ മൊത്തം ലിസ്റ്റ് കണ്ടാൽ. ഇവ കൂടാതെ പുതിയ പുതിയ പല പേരുകളും ഇക്കാലത്ത് കേൾക്കാനും തുടങ്ങി. ട്രൈക്കോഡെർമ, വെർട്ടിസീലിയം, ബ്യുവേറിയ, സ്യൂഡോമൊണാസ് ഫ്ലൂറൻസ്....

അങ്ങനെ സകല പരീക്ഷണങ്ങളും ഏറ്റുവാങ്ങി ചെടികൾ വളർന്നു. ദോഷം പറയരുതല്ലോ, എല്ലാം ഓരോ റൗണ്ട് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്തു. എങ്കിലും പത്രമാസികകളിലും സോഷ്യൽ മീഡിയയിലുമൊന്നും വായിച്ചറിഞ്ഞ പോലെ കായ്ഫലമൊന്നും ഉണ്ടായിക്കണ്ടില്ല. എന്നാലും ആദ്യമായിട്ട് ചെയ്ത പരിപാടിയല്ലേ എന്ന സമാധാനിച്ചു. 


ഗ്രോബാഗിലെ പച്ചക്കറി കൃഷി സാധാരണ കൃഷിരീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണെന്ന് നേരിട്ടുള്ള അനുഭവത്തിൽ നിന്നും മറ്റ് പലരുടെയും പരീക്ഷണങ്ങൾ പഠിക്കാൻ ശ്രമിച്ചതിൽനിന്നും മനസ്സിലായി. ഇതിനിടെ ഓർക്കിഡ് വളർത്തൽ, കൂൺ കൃഷി എന്നിങ്ങനെ ചില സംഗതികളും പരീക്ഷിച്ചു. പത്ത് മുപ്പത് തരം ഓർക്കിഡുകൾ പൂത്തും പൂക്കാതെയുമൊക്കെ ഇപ്പൊളുമുണ്ട് മുകളിലെ ഗാർഡനിൽ. രണ്ട് ലിറ്റർ പ്ലാസ്റ്റിക് ബോട്ടിലിൽ നടത്തിയ കൂൺ കൃഷിയും വിജയകരം തന്നെയായിരുന്നു.

2014, 15 വർഷങ്ങളിൽ സ്ട്രോബെറി, കാബേജ്, കോളിഫ്ലവർ, ബീൻസ്, ക്യാപ്സിക്കം, കുക്കുംബർ മുതലായ കിട്ടാവുന്ന തൈകളെല്ലാം നടുകയും അത്യാവശ്യം വിളവൊക്കെ ഉണ്ടാവുകയും ചെയ്തു. ചിട്ടയായ പരിപാലനവും കീട നിയന്ത്രണ മാർഗ്ഗങ്ങളും അവലംബിച്ചാൽ ദിവസേന ഒരു മണിക്കൂർ സമയം കൃഷിക്കായി മാറ്റിവച്ചാൽ താല്പര്യമുള്ള ആർക്കും ചെയ്യാവുന്ന കാര്യങ്ങളേ ഇതിലുള്ളൂ എന്ന് മനസ്സിലാക്കാൻ സാധിച്ചു.

ഇത്രയുമായപ്പോളാണ് ഇതൊരു സ്ഥിരം സംവിധാനം ആക്കി കുറച്ചുകൂടി സിസ്റ്റമാറ്റിക് ഒക്കെ ആയി ചെയ്താലോ എന്ന ഒരു ചിന്ത തലയിൽ കയറുന്നത്. ഇക്കഴിഞ്ഞ മാസം വീടിനുമുകളിൽ ഒരു പോളിഹൗസ് സ്ഥാപിച്ച് ഇതിനു തുടക്കം കുറിക്കുകയും ചെയ്തു.

പോളി ഹൗസ് നിർമ്മാണം, നടാനുള്ള മണ്ണ് തയ്യാറാക്കൽ മുതൽ വിള പരിപാലനത്തിനും കീടനിയന്ത്രണത്തിനും സ്വീകരിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ വരെയുള്ള എല്ലാ കാര്യങ്ങളും അടുത്ത പോസ്റ്റിൽ. 
Show less

No comments: