ഗ്രോബാഗിലെ പച്ചക്കറി കൃഷി - മണ്ണുനിറയ്ക്കൽ - തൈ നടൽ - പരിചരണം
തൈകൾ നടാനുള്ള മിശ്രിതം തയ്യാറാക്കലാണ് ആദ്യപടി. നൂറു കിലോ മിശ്രിതമെങ്കിലും വേണ്ടിവരും 50 ബാഗുകൾ നിറയ്ക്കാൻ. മേൽമണ്ണ്, ചകിരിച്ചോർ (നിയോപീറ്റ് എന്ന പേരിലൊക്കെ വരുന്ന കമ്പ്രസ് ചെയ്ത ചകിരിച്ചോർ കട്ട) എന്നിവ 1:1 അനുപാതത്തിലെടുത്ത് പത്തുകിലോ ചാണകപ്പൊടി, ഓരോകിലോ എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവ കലർത്തി ആണ് ഞാൻ ഇത് ഉണ്ടാക്കിയത്. അതിനു മുൻപ് മണ്ണ് മാത്രം ചെറിയ നനവോടെ ഒരു കിലോ ട്രൈക്കോഡർമ മിക്സ് ചെയ്ത് ഒരാഴ്ച പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിടണം. ഈ സാധനം പൊടിരൂപത്തിലും ലായനി രൂപത്തിലും വാങ്ങാൻ കിട്ടും.
എല്ലാം റെഡി ആയാൽ ചുമ്മാ വാരി ബാഗിൽ നിറയ്ക്കുക. ഒരു മുക്കാൽ ഭാഗം നിറഞ്ഞോട്ടെ.
(എല്ലാവർക്കും ഇതൊക്കെ ചിലപ്പൊ നടപടി ഉള്ള കാര്യം ആവില്ല. നിറച്ച ഗ്രോബാഗുകൾ വാങ്ങാനും കിട്ടും. കൃഷി ബിസിനസ് കേന്ദ്രത്തിലെ വില ബാഗൊന്നിനു 80 രൂപ ആണ്. കൂടെ രണ്ടുവീതം പച്ചക്കറി തൈകൾ ഫ്രീ.)
അടുത്തത് വിത്തുകൾ അല്ലെങ്കിൽ തൈകൾ. മികച്ച കമ്പനികളുടെ ഹൈബ്രിഡ് വിത്തുകളാണു ഞാൻ ഉപയോഗിക്കാറുള്ളത്. ഇപ്പൊ വളവും കൃഷി ഉപകരണങ്ങളുമൊക്കെ വിൽക്കുന്ന കടകളിലെല്ലാം ഇവ കിട്ടും.
(ഇത്തരം ഒരു കട തുടങ്ങാൻ പ്ലാനുണ്ട്. സമാനമനസ്കർ ആരെങ്കിലും കാശ് മുടക്കാൻ തയ്യാറുണ്ടെങ്കിൽ ഒരു കൈ നോക്കാം) സീഡിംഗ് ട്രേകളിൽ നമ്മൾ മുകളിലുണ്ടാക്കിയ മിശ്രിതം തന്നെ നിറച്ച് വിത്തുകൾ മുളപ്പിക്കാം. അതിനൊന്നും മെനക്കെടാൻ പറ്റില്ലെങ്കിൽ സർക്കാരിന്റെ കൃഷി ബിസിനസ് കേന്ദ്രങ്ങളിൽ നിന്നോ നേഴ്സറികളിൽ നിന്നോ മികച്ചയിനം തൈകളും വാങ്ങാൻ കിട്ടും. രണ്ടാഴ്ച ഒക്കെ പ്രായമെത്തിയ തൈകൾ ഗ്രോബാഗുകളിൽ നടാം.
ഇനി, മഴക്കാലത്ത് അടിയിൽ ലീക്കേജ് ഒന്നും കാണാത്ത ടെറസ് ആണെങ്കിൽ നേരിട്ട് പരിപാടി തുടങ്ങാം.
അല്ലെങ്കിൽ കുറെ വൈറ്റ് സിമന്റും ഡോക്ടർ ഫിക്സിറ്റിന്റെ വാട്ടർ പ്രൂഫിംഗ് കോമ്പൗണ്ടും കലക്കി
രണ്ടോമൂന്നോ കോട്ട് അങ്ങ് പൂശുക. അതുമല്ലെങ്കിൽ കട്ടിയുള്ള പോളിത്തീൻ ഷീറ്റ് വിരിക്കാം. ഞാൻ ചില കണക്കുകൂട്ടലുകളുടെ പിൻബലത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഗ്രോബാഗ് നിരത്തി.
ചുവന്ന ഇഷ്ടിക മൂന്നെണ്ണം വീതം ഒന്നര ഇഞ്ച് അകലത്തിൽ ചെരിച്ച് വെച്ച് അതിനു മുകളിൽ വേണം നിറച്ച ബാഗുകൾ വയ്ക്കാൻ. ഏകദേശം ഒരുമീറ്ററോളം അകലം വിട്ട് വേണം ബാഗുകൾ നിരത്താൻ. ഇത് പിന്നീടുള്ള പരിചരണം എളുപ്പമാക്കും.
ഡ്രിപ് ഇറിഗേഷൻ സംവിധാനം വല്ലതും ചെയ്യുന്നുണ്ടെങ്കിൽ തൈകൾ നടുന്നതിനു മുമ്പ് തന്നെ അതും ചെയ്യുന്നതാകും നല്ലത്. തൈകൾ നട്ട് ആദ്യത്തെ ഒന്നുരണ്ടാഴ്ച ആവശ്യത്തിനു വെള്ളമൊഴിച്ച് കൊടുത്താൽ മാത്രം മതിയാകും. അതിനു ശേഷമാണു പണി മലപോലെ വരാൻ പോകുന്നത്. നമ്മൾ വളരെ കാര്യക്ഷമമായ പരിചരണ രീതികളിലൂടെ ഒക്കെയാണു കാര്യങ്ങൾ ചെയ്യാൻ പോകുന്നതെന്ന് ആദ്യത്തെ പോസ്റ്റിൽ പറഞ്ഞല്ലോ. ഞാൻ സ്വീകരിച്ച കൃഷിപരിപാലന രീതിയുടെ മുഴുവൻ ക്രെഡിറ്റും ജോൺ ഷെറി എന്ന അഗ്രിക്കൾച്ചർ ഓഫീസർക്കാണു പോകുന്നത്. ഇദ്ദേഹത്തെ ഞാൻ ഇന്നുവരെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഒന്നും ഇല്ല. ജോൺ ഷെറിയുടെ ടൈം ടേബിൾ ഫേസ്ബുക്കിലും ചില ബ്ലോഗുകളിലുമൊക്കെയായി നെറ്റിൽ കറങ്ങി നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. അടുത്ത കാലത്താണ് ഞാൻ ഇത് പരീക്ഷിക്കുന്നത്. ലഭ്യമായ റിസോഴ്സസിനെ ആശ്രയിച്ച് ചെറിയ മാറ്റങ്ങൾ ഒക്കെ വരുത്തി ഇപ്പൊ ചെയ്തോണ്ടിരിക്കുന്ന കാര്യങ്ങൾ താഴെ പറയാം.
ഞായറാഴ്ച: വളമിടൽ ദിവസം.
ഇടാനുള്ള വളം (സത്യത്തിൽ ഇടുകയല്ല, ഒഴിക്കുകയാണ്) നേരത്തെ തയ്യാറാക്കണം.
അത് ഇങ്ങനെ: ഒരുകിലോ ചാണകപ്പൊടി, 100 ഗ്രാം വേപ്പിൻ പിണ്ണാക്ക്, 100 ഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക്, 100 ഗ്രാം എല്ലുപൊടി എന്നിവ വെള്ളം ചേർത്ത് ഇഡ്ഡലിമാവ് പരുവത്തിലാക്കി മിക്സ് ചെയ്ത് നാലഞ്ച് ദിവസം അടച്ച് വെച്ചേക്കുക. നാലഞ്ച് ദിവസം കഴിയുമ്പൊ അത് പുളിച്ച് റെഡി ആകും. ഇതിൽ പത്തിരട്ടി വെള്ളം ചേർത്ത് കലക്കി ഓരോ ഗ്രോബാഗിലും ഒരു അരലിറ്റർ കണക്കിൽ ഒഴിച്ച് കൊടുക്കുക.
(ഒരുകിലോയുടെ കണക്ക് പ്രകാരമുള്ള മിക്സ് ഒരു 25 -30 ബാഗിനു തികയും)
തിങ്കളാഴ്ച: വെള്ളമൊഴിച്ച് തോട്ടത്തീക്കൂടെ അങ്ങനെ കറങ്ങി നടക്കും.
ചൊവ്വാഴ്ച: ഫിഷ് അമിനോ ആസിഡ് ഒരു ലിറ്ററിനു രണ്ട് മില്ലി വീതം ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കുക. ഈ സാധനം വേണേൽ വീട്ടിൽ ഉണ്ടാക്കാം. സർക്കാരിന്റെ ഒരൈറ്റം വരുന്നുണ്ട്. VFPCK യിൽ നിന്ന് മേടിക്കാറാണു പതിവ്.
ബുധനാഴ്ച: സ്യൂഡൊമൊണാസ് ഫ്ലൂറൻസ്.
ഈ സാധനം ഒരു ബാക്ടീരിയ ആണ്. വേരോട്ടം കൂടാനും കുമിൾ രോഗമൊക്കെ തടയാനും ഉപകരിക്കും. ഇതിനെ 5 മില്ലി വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇച്ചിരീശെ ഓരോ ബാഗിലും ഒഴിക്കുക. മാസത്തിലൊരിക്കൽ ഈ പ്രയോഗത്തിനു മുമ്പ് ഗ്രോബാഗുകളുടെ അരികുവഴി ഓരോ സ്പൂൺ കുമ്മായം തൂകിക്കൊടുക്കുക.
വ്യാഴം: വെള്ളമൊഴിച്ചാ മാത്രം മതി.
വെള്ളി: കീടനിയന്ത്രണ ദിവസം.
നിംബിസിഡിൻ പോലുള്ള ഏതെങ്കിലും ഓർഗാനിക് പെസ്റ്റ് കണ്ട്രോളർ അതിന്റെ അളവനുസരിച്ച് പൂശുക. ടാഗ് ഫോൾഡർ എന്ന പേരിൽ വരുന്ന ഒരു ഓർഗാനിക് സമ്യുക്തമാണു നമ്മുടെ ആയുധം. ഇത് അഞ്ച് മില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും തണ്ടുകളിലും ഒക്കെ സ്പ്രേ ചെയ്യുക. അതിരാവിലെയോ സന്ധ്യയ്ക്കോ പ്രയോഗിക്കുന്നതാണു നല്ലത്. മീലി ബഗ്സ് അടക്കം സകല അക്രമികളും നമ്മടെ ചെടികളോട് മുട്ടാൻ പിന്നെ ഒന്ന് മടിക്കും.
ശനി അവധി.
ഈ പരിപാടികൾ ഒക്കെ വലിയ മാറ്റം ഒന്നുമില്ലാതെ ചെയ്താൽ തരക്കേടില്ലാത്ത വിളവ് കിട്ടും എന്ന കാര്യത്തിൽ ഞാൻ ഗ്യാരന്റി, ബിഗ് താങ്ക്സ് ടു ജോൺ ഷെറി സർ.
അപ്പൊ അത്രേയുള്ളു ഗ്രോബാഗിലെ പച്ചക്കറി കൃഷി.
എന്ത് സഹായത്തിനും സംശയത്തിനും എന്നെ വിളിക്കാം. അറിയാവുന്ന വിവരങ്ങൾ പറഞ്ഞു തരാൻ എപ്പളും റെഡി.
മൈ നമ്പർ ഈസ് : 9995644666
Thursday, January 21, 2016
Wednesday, January 20, 2016
ടെറസ് കൃഷി: ചില വലിയ ചെറിയ കാര്യങ്ങൾ (part 2)
പോളി ഹൗസ് നിർമ്മാണം.
വീടിനു മുകളിലെ പച്ചക്കറി കൃഷിക്ക് മഴക്കാലത്ത് അവധി നൽകലായിരുന്നു മുമ്പ് ചെയ്തിരുന്നത്. മഴക്കാലം കഴിയുന്നതോടെ ആകെ താറുമാറായിക്കിടക്കുന്ന കൃഷിയിടത്തിലെ വള്ളിയും പടർപ്പും വലിച്ചുപറിച്ച് കളഞ്ഞ് ഗ്രോബാഗുകളും ചട്ടിയുമെല്ലാം എടുത്ത് മാറ്റി മണ്ണ് തയ്യാറാക്കി നിറച്ച് ടെറസ് ക്ലീൻ ചെയ്ത് എല്ലാം ഒന്നേന്ന് തുടങ്ങി വരുമ്പൊളേക്കും ഒന്നൊന്നര മാസം വെറുതെ പോകും. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കി സ്ഥിരമായി പച്ചക്കറി കൃഷി ചെയ്യാൻ ഒരിടം വേണം എന്ന തോന്നലിൽ നിന്നാണ് പോളിഹൗസ് ഉണ്ടാക്കിക്കളയാം എന്ന തീരുമാനം വരുന്നത്. സമയം പാഴാക്കാതെ ഫേസ്ബുക്കിലും ജിപ്ലസ്സിലും പത്രമാദ്ധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിലൂടെയുമൊക്കെ പരിചയപ്പെട്ട ഒരു പാർട്ടിയെ ബന്ധപ്പെട്ടു.
കാർഷിക സർവ്വകലാശാലയുടെ ആനക്കയം ക്യാമ്പസിൽ വികസിപ്പിച്ച് വിജയിച്ച "ഒരുസെന്റ് പോളിഹൗസ്" എന്ന മാതൃകയാണ് ചെയ്യാൻ ഉദ്ദേശിച്ചത്. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പോളിഹൗസ് എന്ന പോലെ ആയിരുന്നു കാര്യങ്ങൾ. ഞാൻ ബന്ധപ്പെടുന്ന സമയത്ത് അവർ ഒരു അഞ്ച് കിലോമീറ്റർ അടുത്ത് ഒരു വീട്ടിൽ പോളിഹൗസ് ചെയ്യുന്നുണ്ടായിരുന്നു. അവിടെപ്പോയി നിർമ്മാണം കണ്ട് മനസ്സിലാക്കിയത് പിന്നീടുള്ള കാര്യങ്ങൾ വളരെ എളുപ്പമാക്കി.
40 SqM (ഒരുസെന്റ്) വലുപ്പത്തിൽ പോളിഹൗസ് നിർമ്മിക്കാൻ 62000 രൂപ ചിലവാകും എന്ന് കേട്ടപ്പോൾ ഞാൻ ആകെ നിരാശനായി. മാത്രവുമല്ല, ഇറിഗേഷൻ, ഗ്രോബാഗുകൾ, തൈകൾ മുതലായവയ്ക്ക് ഇരുപതിനായിരത്തോളം രൂപ വേറെയും ചിലവാകും. കൃഷിഭവനിൽ നിന്ന് പിന്നീട് സബ്സിഡി കിട്ടും എന്ന് പറഞ്ഞെങ്കിലും എത്ര, എപ്പോൾ എന്നീ ചോദ്യങ്ങൾ ബാക്കിയായി. (സബ്സിഡി ഇപ്പൊളും കിട്ടിയിട്ടില്ല. എഴുത്തുകുത്തും ഇൻസ്പെക്ഷനും എല്ലാം കഴിഞ്ഞു. ഒരുമാസമെങ്കിലും വേണ്ടിവരും എന്ന് കരുതുന്നു) തൽക്കാലം ഉള്ള പച്ചക്കറി കൊണ്ട് തൃപ്തിപ്പെടാൻ തീരുമാനിച്ച് അവിടുന്ന് പോന്നു.
അങ്ങനെയിരിക്കെ ഒരുദിവസം നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് ഇരിക്കുന്ന കൂട്ടത്തിലാണ് ശരത്തിനോട് ഇക്കാര്യം പറയുന്നത്. സ്റ്റീൽ ഫാബ്രിക്കേഷൻ വർക്കാണ് ശരത്തിന്റെ പരിപാടി. എന്റെ കൃഷിപ്രാന്ത് അറിയാവുന്ന അവൻ ഒരു കൈ നോക്കാം എന്നേറ്റു. ഞങ്ങൾ രണ്ടുപേരും കൂടി ഒരിക്കൽക്കൂടി ആ പോളിഹൗസ് പോയിക്കണ്ടു. ഇത്തവണ നിർമ്മാണസാമഗ്രികളെപ്പറ്റിയും നിർമ്മാണരീതിയെപ്പറ്റിയുമൊക്കെ ഏകദേശം ഒരു ഐഡിയ രൂപപ്പെടുത്തിയിട്ടാണ് ഞങ്ങൾ തിരികെപ്പോന്നത്. പിറ്റേന്ന് തന്നെ രണ്ട് പണിക്കാരെ നിർത്തി ടെറസിന്റെ പോളിഹൗസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭാഗമൊക്കെ വൃത്തിയാക്കി. അളവെല്ലാമെടുത്ത് നിർമ്മാണ സാമഗ്രികളും ഇറക്കി.
പത്ത് മീറ്റർ നീളവും നാലരമീറ്റർ വീതിയുമുള്ള സ്ഥലമാണ് ഒരുസെന്റ് പോളിഹൗസിനു വേണ്ടത്.
3 മീറ്റർ വീതം ഉയരമുള്ള 8 പോസ്റ്റുകൾ, അവയെ തമ്മിൽ ബന്ധിപ്പിക്കുവാനുള്ള ബീമുകൾ എന്നിവയ്ക്കായി 1 1/2" വണ്ണമുള്ള ജി ഐ പൈപ്പുകളാണുപയോഗിച്ചത്. വളഞ്ഞ മേൽക്കൂരയ്ക്കായി ആറു മീറ്റർ നീളമുള്ള നാല് 1 1/4" പൈപ്പുകൾ ബെൻഡ് ചെയ്യിച്ച് കൊണ്ടുവന്നു. ബെൻഡ് ചെയ്യുമ്പോൾ പൈപ്പിന്റെ അറ്റങ്ങൾ തമ്മിൽ 4.5 മീറ്റർ അകലം ഉണ്ടായിരിക്കണം. വാതിലിനും മറ്റ് സപ്പോർട്ടുകൾക്കുമായി 1 ഇൻച് ജി പി ട്യൂബ്, 1 ഇഞ്ച് ജി ഐ പൈപ്പ് ഒക്കെ ആവശ്യത്തിനുപയോഗിച്ചു.
വളഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ യു വി ബാലൻസ്ഡ് പോളിത്തീൻ ഫിലിം വിരിച്ചു. ഇതിന്റെ വശങ്ങൾ ഉറപ്പിക്കാൻ അതിനായുള്ള അലുമിനിയം ചാനലുകളും സ്പ്രിംഗ് ലോക്കുകളും ഉപയോഗിച്ചു. ബാക്കി വശങ്ങളും വാതിലുമെല്ലാം ഇൻസെക്റ്റ് നെറ്റ് ഉപയോഗിച്ച് അടച്ചു.
ഇത്രയുമായപ്പോൾ പോളിഹൗസ് തയ്യാറായി. ചിലവ് 48,000 രൂപ.
ഞാൻ മനസ്സിൽക്കണ്ട മാതൃകയിൽ ഇനി വേണ്ടത് പോളിഹൗസിനകത്തെ ചൂടുകുറയ്ക്കാനുള്ള മിസ്റ്റിംഗ് സംവിധാനം ആണ്. പിന്നെ ഓട്ടോമാറ്റിക് ഡ്രിപ് ഇറിഗേഷൻ സെറ്റപ്പും.
എറണാകുളത്തെ വിവിധ കടകളിൽ നിന്നായി വി ഗാർഡിന്റെ .25 എച് പി സെൽഫ് പ്രൈമിംഗ് പമ്പ് സെറ്റ്, നൂറ്റിചില്വാനം മീറ്റർ 16 എം എം LDPE പൈപ്പ്, ഡ്രിപ് എമിറ്ററുകൾ, 30LPH മിസ്റ്റ് എമിറ്ററുകൾ, ആവശ്യമായ ടീ എൽബോ തുടങ്ങിയ ഫിറ്റിംഗ്സുകൾ എല്ലാം സംഘടിപ്പിച്ചു. ഓൺലൈൻ ഷോപ്പിൽ നിന്ന് ഓട്ടൊമാറ്റിക് പ്ലാന്റ് വാട്ടറിംഗ് ടൈമർ വരുത്തി. എനിക്ക് ചെറിയൊരു പാർട്ണർഷിപ്പ് ഒക്കെ ഉള്ള ഒരു പ്ലംബിംഗ് ടീം ഉണ്ട്. അവിടുന്ന് പൊക്കിയ രണ്ട് പണിക്കാരുടെ സഹായത്തോടെ ഇറിഗേഷനുള്ള സംവിധാനവും പൂർത്തിയാക്കി. ഈ ഐറ്റത്തിൽ ആകെ ചിലവ് 7,500 രൂപ.
അടുത്ത ഘട്ടം കൃഷി തുടങ്ങൽ ആണ്. അത് അടുത്ത പോസ്റ്റിൽ.
ടെറസ് കൃഷി: ചില വലിയ ചെറിയ കാര്യങ്ങൾ (part 1)
ടെറസ് കൃഷി: ചില വലിയ ചെറിയ കാര്യങ്ങൾ (part 1)
ടെറസിനു മുകളിലെ കൃഷിയിൽ നടത്തിയ ചില പരീക്ഷണങ്ങൾ വിജയിച്ചതിന്റെ ഒരു ത്രില്ലിലാണ് ഞാൻ. പലകാലങ്ങളിലായി പല പരീക്ഷണങ്ങളും നടത്തി, ചിലതൊക്കെ വിജയിച്ചെങ്കിലും ആവേശം തീർന്നപ്പൊ അതുപേക്ഷിച്ച് പുതിയ അറിവുകൾ പരീക്ഷിച്ച് നോക്കലായിരുന്നു ഹോബി. എന്നാലിപ്പോൾ, വിഷമില്ലാത്ത പച്ചക്കറികൾ - തികച്ചും ഓർഗാനിക് ആയിത്തന്നെ നട്ടുനനച്ച് ഉണ്ടാക്കിയവ - വീട്ടിലെ ആവശ്യത്തിലും അധികമായി ഉണ്ടാകാൻ തുടങ്ങിയപ്പൊ അതിൽത്തന്നെ അങ്ങ് ഉറച്ച് നിൽക്കാനുള്ള തീരുമാനമെടുക്കാൻ അത് പ്രേരണയായി. ഒരാവേശത്തിനു കൃഷി തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചത് പോലുള്ള വിളവൊന്നും ഉണ്ടാകാത്തത് കൊണ്ട് ആവേശം കെട്ടടങ്ങി ഈ പരിപാടി ഉപേക്ഷിച്ച ധാരാളം പേരുണ്ട്. അങ്ങനെയുള്ളവർക്കും, സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി വീട്ടിലെ പരിമിതമായ സ്ഥല സൗകര്യങ്ങളിലൊതുങ്ങി നിന്നുകൊണ്ട് ഉദ്പാദിപ്പിക്കാൻ താല്പര്യമുള്ളവർക്കും പ്രചോദനമാകുമെങ്കിൽ ആയിക്കോട്ടെ എന്ന പ്രതീക്ഷയിലാണ് ഈ കുറിപ്പ് എഴുതുന്നത്.
ആദ്യമേ തന്നെ പറയട്ടെ, തൊടിയിലും പറമ്പിലും ചെയ്യുന്ന കൃഷിയെപ്പറ്റി എനിക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ. മുറ്റത്തോ ടെറസിന്റെ മുകളിലോ ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനെക്കുറിച്ച് മാത്രമാണ് പറയുന്നത്.
2013 ജനുവരിയിലാണു തുടക്കം. കൃഷിഭവനിൽ പോയി 500 രൂപ അടച്ചാൽ 25 ഗ്രോബാഗുകളിൽ മണ്ണും വളവുമൊക്കെ നിറച്ച് അഞ്ചിനം പച്ചക്കറിത്തൈകൾ നട്ട് നമ്മുടെ വീട്ടിന്റെ മുറ്റത്തോ കൊണ്ടുവന്ന് വച്ച് തരും എന്ന് കേട്ടപ്പൊ സംഗതി കൊള്ളാമെന്ന് തോന്നി. കൃഷികാര്യത്തിൽ അല്പജ്ഞാനിയായ ഞാൻ കയ്യോടെ ചെന്ന് കാശടച്ച് പേരു രെജിസ്റ്റർ ചെയ്തു, പതിനഞ്ചാം പക്കം സാധനം വീട്ടിലെത്തി. ബാഗുകൾ ടെറസിന്റെ മുകളിൽ കൊണ്ടുവന്ന് ചെടിയൊക്കെ നട്ട് തന്ന തമിഴ്ക്കാരൻ ചേട്ടനായിരുന്നു ഗ്രോബാഗ് കൃഷിയിലെ ആദ്യഗുരു.
"ഇതിനെന്തൊക്കെ വളമാ ചേട്ടാ ഇടണ്ടെ?" എന്ന ചോദ്യത്തിന്
"ഇതിൽ വളം ഒന്നും ഇടേണ്ട കാര്യമില്ല. എല്ലാ വളവും ചേർത്താണ് മണ്ണ് നിറച്ചിട്ടുള്ളത്. ദിവസവും നനച്ച് കൊടുത്താൽ മാത്രം മതി" എന്നായിരുന്നു ഉത്തരം. ഇതിലെ ശരിതെറ്റുകളൊക്കെ മനസ്സിലായിവരാൻ കാലം പിന്നെയും ഒരുപാട് വേണ്ടിവന്നു.
ടെറസിനു മുകളിലെ കൃഷിയിൽ നടത്തിയ ചില പരീക്ഷണങ്ങൾ വിജയിച്ചതിന്റെ ഒരു ത്രില്ലിലാണ് ഞാൻ. പലകാലങ്ങളിലായി പല പരീക്ഷണങ്ങളും നടത്തി, ചിലതൊക്കെ വിജയിച്ചെങ്കിലും ആവേശം തീർന്നപ്പൊ അതുപേക്ഷിച്ച് പുതിയ അറിവുകൾ പരീക്ഷിച്ച് നോക്കലായിരുന്നു ഹോബി. എന്നാലിപ്പോൾ, വിഷമില്ലാത്ത പച്ചക്കറികൾ - തികച്ചും ഓർഗാനിക് ആയിത്തന്നെ നട്ടുനനച്ച് ഉണ്ടാക്കിയവ - വീട്ടിലെ ആവശ്യത്തിലും അധികമായി ഉണ്ടാകാൻ തുടങ്ങിയപ്പൊ അതിൽത്തന്നെ അങ്ങ് ഉറച്ച് നിൽക്കാനുള്ള തീരുമാനമെടുക്കാൻ അത് പ്രേരണയായി. ഒരാവേശത്തിനു കൃഷി തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചത് പോലുള്ള വിളവൊന്നും ഉണ്ടാകാത്തത് കൊണ്ട് ആവേശം കെട്ടടങ്ങി ഈ പരിപാടി ഉപേക്ഷിച്ച ധാരാളം പേരുണ്ട്. അങ്ങനെയുള്ളവർക്കും, സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി വീട്ടിലെ പരിമിതമായ സ്ഥല സൗകര്യങ്ങളിലൊതുങ്ങി നിന്നുകൊണ്ട് ഉദ്പാദിപ്പിക്കാൻ താല്പര്യമുള്ളവർക്കും പ്രചോദനമാകുമെങ്കിൽ ആയിക്കോട്ടെ എന്ന പ്രതീക്ഷയിലാണ് ഈ കുറിപ്പ് എഴുതുന്നത്.
ആദ്യമേ തന്നെ പറയട്ടെ, തൊടിയിലും പറമ്പിലും ചെയ്യുന്ന കൃഷിയെപ്പറ്റി എനിക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ. മുറ്റത്തോ ടെറസിന്റെ മുകളിലോ ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനെക്കുറിച്ച് മാത്രമാണ് പറയുന്നത്.
2013 ജനുവരിയിലാണു തുടക്കം. കൃഷിഭവനിൽ പോയി 500 രൂപ അടച്ചാൽ 25 ഗ്രോബാഗുകളിൽ മണ്ണും വളവുമൊക്കെ നിറച്ച് അഞ്ചിനം പച്ചക്കറിത്തൈകൾ നട്ട് നമ്മുടെ വീട്ടിന്റെ മുറ്റത്തോ കൊണ്ടുവന്ന് വച്ച് തരും എന്ന് കേട്ടപ്പൊ സംഗതി കൊള്ളാമെന്ന് തോന്നി. കൃഷികാര്യത്തിൽ അല്പജ്ഞാനിയായ ഞാൻ കയ്യോടെ ചെന്ന് കാശടച്ച് പേരു രെജിസ്റ്റർ ചെയ്തു, പതിനഞ്ചാം പക്കം സാധനം വീട്ടിലെത്തി. ബാഗുകൾ ടെറസിന്റെ മുകളിൽ കൊണ്ടുവന്ന് ചെടിയൊക്കെ നട്ട് തന്ന തമിഴ്ക്കാരൻ ചേട്ടനായിരുന്നു ഗ്രോബാഗ് കൃഷിയിലെ ആദ്യഗുരു.
"ഇതിനെന്തൊക്കെ വളമാ ചേട്ടാ ഇടണ്ടെ?" എന്ന ചോദ്യത്തിന്
"ഇതിൽ വളം ഒന്നും ഇടേണ്ട കാര്യമില്ല. എല്ലാ വളവും ചേർത്താണ് മണ്ണ് നിറച്ചിട്ടുള്ളത്. ദിവസവും നനച്ച് കൊടുത്താൽ മാത്രം മതി" എന്നായിരുന്നു ഉത്തരം. ഇതിലെ ശരിതെറ്റുകളൊക്കെ മനസ്സിലായിവരാൻ കാലം പിന്നെയും ഒരുപാട് വേണ്ടിവന്നു.
ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങിയ ഡ്രിപ് ഇറിഗേഷൻ കിറ്റ് ഉപയോഗിച്ച് നനയ്ക്കാനുള്ള സംവിധാനം ഒക്കെ ഏർപ്പാടാക്കി. ചെടികൾ വളാർന്നുവരാൻ തുടങ്ങിയപ്പോളാണ് പ്രശ്നങ്ങൾ ഓരോന്നായി പലരൂപത്തിൽ കണ്ടുതുടങ്ങിയത്. ആ പഞ്ചായത്തിലെ സകല കീടങ്ങളും എന്റെ ടെറസിന്റെ മുകളിൽ സംസ്ഥാനസമ്മേളനം നടത്തുകയായിരുന്നു പിന്നെ. പിന്നെ അതുങ്ങളെ കൊല്ലാനും ഓടിക്കാനും ഉള്ള മാർഗ്ഗങ്ങളന്വേഷിച്ച് ഓൺലൈനിലും ഓഫ്‌ലൈനിലും പരതാൻ തുടങ്ങി. പുകയിലക്കഷായം, വേപ്പെണ്ണ എമൽഷൻ, കൊക്കക്കോള പ്രയോഗം എന്നുവേണ്ട, പച്ചക്കറികളിലെ കീടാക്രമണം തടയാൻ ലോകമൊന്നടങ്കം കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നു തോന്നും ഇതിന്റെ മൊത്തം ലിസ്റ്റ് കണ്ടാൽ. ഇവ കൂടാതെ പുതിയ പുതിയ പല പേരുകളും ഇക്കാലത്ത് കേൾക്കാനും തുടങ്ങി. ട്രൈക്കോഡെർമ, വെർട്ടിസീലിയം, ബ്യുവേറിയ, സ്യൂഡോമൊണാസ് ഫ്ലൂറൻസ്....
അങ്ങനെ സകല പരീക്ഷണങ്ങളും ഏറ്റുവാങ്ങി ചെടികൾ വളർന്നു. ദോഷം പറയരുതല്ലോ, എല്ലാം ഓരോ റൗണ്ട് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്തു. എങ്കിലും പത്രമാസികകളിലും സോഷ്യൽ മീഡിയയിലുമൊന്നും വായിച്ചറിഞ്ഞ പോലെ കായ്ഫലമൊന്നും ഉണ്ടായിക്കണ്ടില്ല. എന്നാലും ആദ്യമായിട്ട് ചെയ്ത പരിപാടിയല്ലേ എന്ന സമാധാനിച്ചു.
ഗ്രോബാഗിലെ പച്ചക്കറി കൃഷി സാധാരണ കൃഷിരീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണെന്ന് നേരിട്ടുള്ള അനുഭവത്തിൽ നിന്നും മറ്റ് പലരുടെയും പരീക്ഷണങ്ങൾ പഠിക്കാൻ ശ്രമിച്ചതിൽനിന്നും മനസ്സിലായി. ഇതിനിടെ ഓർക്കിഡ് വളർത്തൽ, കൂൺ കൃഷി എന്നിങ്ങനെ ചില സംഗതികളും പരീക്ഷിച്ചു. പത്ത് മുപ്പത് തരം ഓർക്കിഡുകൾ പൂത്തും പൂക്കാതെയുമൊക്കെ ഇപ്പൊളുമുണ്ട് മുകളിലെ ഗാർഡനിൽ. രണ്ട് ലിറ്റർ പ്ലാസ്റ്റിക് ബോട്ടിലിൽ നടത്തിയ കൂൺ കൃഷിയും വിജയകരം തന്നെയായിരുന്നു.
2014, 15 വർഷങ്ങളിൽ സ്ട്രോബെറി, കാബേജ്, കോളിഫ്ലവർ, ബീൻസ്, ക്യാപ്സിക്കം, കുക്കുംബർ മുതലായ കിട്ടാവുന്ന തൈകളെല്ലാം നടുകയും അത്യാവശ്യം വിളവൊക്കെ ഉണ്ടാവുകയും ചെയ്തു. ചിട്ടയായ പരിപാലനവും കീട നിയന്ത്രണ മാർഗ്ഗങ്ങളും അവലംബിച്ചാൽ ദിവസേന ഒരു മണിക്കൂർ സമയം കൃഷിക്കായി മാറ്റിവച്ചാൽ താല്പര്യമുള്ള ആർക്കും ചെയ്യാവുന്ന കാര്യങ്ങളേ ഇതിലുള്ളൂ എന്ന് മനസ്സിലാക്കാൻ സാധിച്ചു.
ഇത്രയുമായപ്പോളാണ് ഇതൊരു സ്ഥിരം സംവിധാനം ആക്കി കുറച്ചുകൂടി സിസ്റ്റമാറ്റിക് ഒക്കെ ആയി ചെയ്താലോ എന്ന ഒരു ചിന്ത തലയിൽ കയറുന്നത്. ഇക്കഴിഞ്ഞ മാസം വീടിനുമുകളിൽ ഒരു പോളിഹൗസ് സ്ഥാപിച്ച് ഇതിനു തുടക്കം കുറിക്കുകയും ചെയ്തു.
പോളി ഹൗസ് നിർമ്മാണം, നടാനുള്ള മണ്ണ് തയ്യാറാക്കൽ മുതൽ വിള പരിപാലനത്തിനും കീടനിയന്ത്രണത്തിനും സ്വീകരിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ വരെയുള്ള എല്ലാ കാര്യങ്ങളും അടുത്ത പോസ്റ്റിൽ.
Subscribe to:
Posts (Atom)