Wednesday, January 20, 2016

ടെറസ് കൃഷി: ചില വലിയ ചെറിയ കാര്യങ്ങൾ (part 2)


പോളി ഹൗസ് നിർമ്മാണം.

വീടിനു മുകളിലെ പച്ചക്കറി കൃഷിക്ക് മഴക്കാലത്ത് അവധി നൽകലായിരുന്നു മുമ്പ് ചെയ്തിരുന്നത്. മഴക്കാലം കഴിയുന്നതോടെ ആകെ താറുമാറായിക്കിടക്കുന്ന കൃഷിയിടത്തിലെ വള്ളിയും പടർപ്പും വലിച്ചുപറിച്ച് കളഞ്ഞ് ഗ്രോബാഗുകളും ചട്ടിയുമെല്ലാം എടുത്ത് മാറ്റി മണ്ണ് തയ്യാറാക്കി നിറച്ച് ടെറസ് ക്ലീൻ ചെയ്ത് എല്ലാം ഒന്നേന്ന് തുടങ്ങി വരുമ്പൊളേക്കും ഒന്നൊന്നര മാസം വെറുതെ പോകും. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കി സ്ഥിരമായി പച്ചക്കറി കൃഷി ചെയ്യാൻ ഒരിടം വേണം എന്ന തോന്നലിൽ നിന്നാണ് പോളിഹൗസ് ഉണ്ടാക്കിക്കളയാം എന്ന തീരുമാനം വരുന്നത്.  സമയം പാഴാക്കാതെ ഫേസ്ബുക്കിലും ജിപ്ലസ്സിലും പത്രമാദ്ധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിലൂടെയുമൊക്കെ പരിചയപ്പെട്ട ഒരു പാർട്ടിയെ ബന്ധപ്പെട്ടു. 

കാർഷിക സർവ്വകലാശാലയുടെ ആനക്കയം ക്യാമ്പസിൽ വികസിപ്പിച്ച് വിജയിച്ച "ഒരുസെന്റ് പോളിഹൗസ്" എന്ന മാതൃകയാണ് ചെയ്യാൻ ഉദ്ദേശിച്ചത്. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പോളിഹൗസ് എന്ന പോലെ ആയിരുന്നു കാര്യങ്ങൾ. ഞാൻ ബന്ധപ്പെടുന്ന സമയത്ത് അവർ ഒരു അഞ്ച് കിലോമീറ്റർ അടുത്ത് ഒരു വീട്ടിൽ പോളിഹൗസ് ചെയ്യുന്നുണ്ടായിരുന്നു.  അവിടെപ്പോയി നിർമ്മാണം കണ്ട് മനസ്സിലാക്കിയത് പിന്നീടുള്ള കാര്യങ്ങൾ വളരെ എളുപ്പമാക്കി. 

40 SqM (ഒരുസെന്റ്) വലുപ്പത്തിൽ പോളിഹൗസ് നിർമ്മിക്കാൻ 62000 രൂപ ചിലവാകും എന്ന് കേട്ടപ്പോൾ ഞാൻ ആകെ നിരാശനായി. മാത്രവുമല്ല, ഇറിഗേഷൻ, ഗ്രോബാഗുകൾ, തൈകൾ മുതലായവയ്ക്ക് ഇരുപതിനായിരത്തോളം രൂപ വേറെയും ചിലവാകും. കൃഷിഭവനിൽ നിന്ന് പിന്നീട് സബ്സിഡി കിട്ടും എന്ന് പറഞ്ഞെങ്കിലും എത്ര, എപ്പോൾ എന്നീ ചോദ്യങ്ങൾ ബാക്കിയായി. (സബ്സിഡി ഇപ്പൊളും കിട്ടിയിട്ടില്ല. എഴുത്തുകുത്തും ഇൻസ്പെക്ഷനും എല്ലാം കഴിഞ്ഞു. ഒരുമാസമെങ്കിലും വേണ്ടിവരും എന്ന് കരുതുന്നു) തൽക്കാലം ഉള്ള പച്ചക്കറി കൊണ്ട് തൃപ്തിപ്പെടാൻ തീരുമാനിച്ച് അവിടുന്ന് പോന്നു. 

അങ്ങനെയിരിക്കെ ഒരുദിവസം നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് ഇരിക്കുന്ന കൂട്ടത്തിലാണ് ശരത്തിനോട് ഇക്കാര്യം പറയുന്നത്.  സ്റ്റീൽ ഫാബ്രിക്കേഷൻ വർക്കാണ് ശരത്തിന്റെ പരിപാടി. എന്റെ കൃഷിപ്രാന്ത് അറിയാവുന്ന അവൻ ഒരു കൈ നോക്കാം എന്നേറ്റു. ഞങ്ങൾ രണ്ടുപേരും കൂടി ഒരിക്കൽക്കൂടി ആ പോളിഹൗസ് പോയിക്കണ്ടു. ഇത്തവണ നിർമ്മാണസാമഗ്രികളെപ്പറ്റിയും നിർമ്മാണരീതിയെപ്പറ്റിയുമൊക്കെ ഏകദേശം ഒരു ഐഡിയ രൂപപ്പെടുത്തിയിട്ടാണ് ഞങ്ങൾ തിരികെപ്പോന്നത്. പിറ്റേന്ന് തന്നെ രണ്ട് പണിക്കാരെ നിർത്തി ടെറസിന്റെ പോളിഹൗസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭാഗമൊക്കെ വൃത്തിയാക്കി. അളവെല്ലാമെടുത്ത് നിർമ്മാണ സാമഗ്രികളും ഇറക്കി. 


പത്ത് മീറ്റർ നീളവും നാലരമീറ്റർ വീതിയുമുള്ള സ്ഥലമാണ് ഒരുസെന്റ് പോളിഹൗസിനു വേണ്ടത്. 
3 മീറ്റർ വീതം ഉയരമുള്ള 8 പോസ്റ്റുകൾ, അവയെ തമ്മിൽ ബന്ധിപ്പിക്കുവാനുള്ള ബീമുകൾ എന്നിവയ്ക്കായി 1 1/2" വണ്ണമുള്ള ജി ഐ പൈപ്പുകളാണുപയോഗിച്ചത്. വളഞ്ഞ മേൽക്കൂരയ്ക്കായി ആറു മീറ്റർ നീളമുള്ള നാല് 1 1/4" പൈപ്പുകൾ ബെൻഡ് ചെയ്യിച്ച് കൊണ്ടുവന്നു. ബെൻഡ് ചെയ്യുമ്പോൾ പൈപ്പിന്റെ അറ്റങ്ങൾ തമ്മിൽ 4.5 മീറ്റർ അകലം ഉണ്ടായിരിക്കണം. വാതിലിനും മറ്റ് സപ്പോർട്ടുകൾക്കുമായി 1 ഇൻച് ജി പി ട്യൂബ്, 1 ഇഞ്ച് ജി ഐ പൈപ്പ് ഒക്കെ ആവശ്യത്തിനുപയോഗിച്ചു. 
വളഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ യു വി ബാലൻസ്ഡ് പോളിത്തീൻ ഫിലിം വിരിച്ചു. ഇതിന്റെ വശങ്ങൾ ഉറപ്പിക്കാൻ അതിനായുള്ള അലുമിനിയം ചാനലുകളും സ്പ്രിംഗ് ലോക്കുകളും ഉപയോഗിച്ചു. ബാക്കി വശങ്ങളും വാതിലുമെല്ലാം ഇൻസെക്റ്റ് നെറ്റ് ഉപയോഗിച്ച് അടച്ചു.
ഇത്രയുമായപ്പോൾ പോളിഹൗസ് തയ്യാറായി. ചിലവ് 48,000 രൂപ.

ഞാൻ മനസ്സിൽക്കണ്ട മാതൃകയിൽ ഇനി വേണ്ടത് പോളിഹൗസിനകത്തെ ചൂടുകുറയ്ക്കാനുള്ള മിസ്റ്റിംഗ് സംവിധാനം ആണ്. പിന്നെ ഓട്ടോമാറ്റിക് ഡ്രിപ് ഇറിഗേഷൻ സെറ്റപ്പും. 
എറണാകുളത്തെ വിവിധ കടകളിൽ നിന്നായി വി ഗാർഡിന്റെ .25 എച് പി സെൽഫ് പ്രൈമിംഗ് പമ്പ് സെറ്റ്, നൂറ്റിചില്വാനം മീറ്റർ 16 എം എം ‌LDPE പൈപ്പ്, ഡ്രിപ് എമിറ്ററുകൾ, 30LPH മിസ്റ്റ് എമിറ്ററുകൾ, ആവശ്യമായ ടീ എൽബോ തുടങ്ങിയ ഫിറ്റിംഗ്സുകൾ എല്ലാം സംഘടിപ്പിച്ചു. ഓൺലൈൻ ഷോപ്പിൽ നിന്ന് ഓട്ടൊമാറ്റിക് പ്ലാന്റ് വാട്ടറിംഗ് ടൈമർ വരുത്തി.  എനിക്ക് ചെറിയൊരു പാർട്ണർഷിപ്പ് ഒക്കെ ഉള്ള ഒരു പ്ലംബിംഗ് ടീം ഉണ്ട്. അവിടുന്ന് പൊക്കിയ രണ്ട് പണിക്കാരുടെ  സഹായത്തോടെ ഇറിഗേഷനുള്ള സംവിധാനവും പൂർത്തിയാക്കി.  ഈ ഐറ്റത്തിൽ ആകെ ചിലവ് 7,500 രൂപ.

അടുത്ത ഘട്ടം കൃഷി തുടങ്ങൽ ആണ്.  അത് അടുത്ത പോസ്റ്റിൽ.

No comments: