Thursday, February 17, 2011

കളിപ്പാട്ടമെന്നപോല്‍ നീയെന്‍ ഹൃദന്തത്തെ-
ത്തട്ടിയെറിഞ്ഞെന്തേ പോയിടുന്നു...
ദുരിതക്കടലിന്‍ നടുവിലായെന്നെ നീ
ആരെയെല്പ്പിച്ചിട്ടു പാഞ്ഞിടുന്നൂ..

നിന്നെത്തടയുവാന്‍ നിന്നിലെക്കെത്തുവാന്‍
ദൈവമേ, നീയുമെന്‍ കൂടെയില്ലാതെയായ്‌..
ഓടിയകലും നിന്‍ പാതയിലെത്തുവാന്‍
തളരുമെന്‍ കാലുകള്‍ക്കാവതില്ലാതെപോയ്‌..

Tuesday, April 6, 2010

ഏക് ഥാ ഗുല്‍ ഔര്‍ ഏക് ഥി ബുള്‍ബുള്‍

 ബ്ലോഗുകളെല്ലാം ഡിലീറ്റ് ചെയ്ത് ഇവിടെനിന്ന് ഓടിപ്പോവുന്നതിനു മുന്‍പ് അവസാനമായി എഴുതിയ കഥയാണിത്. വേറെ ഒന്നുരണ്ട് സ്ഥലത്തും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
------------------------------------------------------------------------------------
ഈ വീക്കെന്‍ഡില്‍ യാത്ര കുടുംബസമേതം ശ്രീനഗറിലേക്കാണെന്ന് ബക്ഷി സാബ്‌ പറഞ്ഞപ്പോള്‍ സുനില്‍ദുബേയുടെ ചുണ്ടിന്റെ കോണില്‍ വിരിഞ്ഞ ചിരിയില്‍ പതിവുപോലെതന്നെ പരിഹാസമായിരുന്നു.
"കിഴവന്‍ ശ്രീനഗറിലേക്കെന്ന് പറഞ്ഞ്‌ പട്നി ടോപ്പിലേക്കോ ഡാല്‍ ഹൗസിയിലേക്കോ പോക്ക്‌ തുടങ്ങിയിട്ട്‌ മാസം കുറേയായി. കശ്മീരില്‍ പോകാന്‍ പേടിയാ കിഴവന്.. ഹഹഹഹ"
സുനിലിന്റെ ചിരിയില്‍ ഞാനും പങ്കുചേര്‍ന്നു. പിറ്റേന്ന് രാവിലെ

"ഹൗ ആര്‍ യൂ യങ്ങ്‌ മാന്‍, എന്‍ജോയിംഗ്‌ ലൈഫ്‌?"

എന്ന പതിവ്‌ ചോദ്യവുമായി എന്നെയും അവന്റെ മാതൃഭാഷയില്‍ വാ നിറയെ തെറി പറഞ്ഞുകൊണ്ടു തോട്ടക്കാരനെയും ബക്ഷിസാബ്‌ എതിരേറ്റു.

"കൂളര്‍ കാ ടാപ്‌ ബന്ദ്‌ കര്‍നാ മത്‌ ഭൂലിയേഗാ"

എന്ന് പറഞ്ഞുകൊണ്ട്‌ വീട്ടുവരാന്തയിലെ ചൂരല്‍ക്കസേരയിലേക്ക്‌ തന്റെ നൂറ്റിയിരുപതു കിലോ ശരീരവും അര്‍പ്പിച്ച്‌ 'ഡെയിലി എക്സെല്‍ഷിയറി'ന്റെ ഉള്‍പ്പേജുകളിലേക്ക്‌ ഊളിയിട്ടു. എല്ലാ കാശ്മീരികളെയും പോലെ തന്നെ മുന്‍പേജിലെ 'ഫിദായീന്‍ അറ്റാക്കുകളെ'യും മരിച്ചവരുടെ എണ്ണത്തെയും അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന പതിവു സംഘടനകളെയുമെല്ലാം അവഗണിക്കാന്‍ അയാളും ശീലിച്ചിരുന്നു. മേം സാബ്‌ കൊണ്ടുവന്ന ചായക്കപ്പുകളിലൊന്നില്‍ ഇടയ്ക്കിടെ മുത്തമിട്ടുകൊണ്ട്‌ തൂണില്‍ ചാരി നിന്ന എന്നെ നോക്കി കുലുങ്ങിച്ചിരിച്ചുകൊണ്ട്‌ പതിവില്ലാത്ത ഒരു ചോദ്യം ചോദിച്ചു കിഴവന്‍.

"ഈയാഴ്ച ഞങ്ങള്‍ ഗുല്‍മര്‍ഗിലേക്കാണു യാത്ര. പോരുന്നോ താനും?"

പോകണോ വേണ്ടയോ എന്ന ശങ്കയ്ക്ക്‌ ഏതാനും നിമിഷമേ ആയുസ്സുണ്ടായിരുന്നുള്ളൂ. നാട്ടിലായിരിക്കുമ്പോള്‍ ഇരുചെവികളിലും മാറിമാറി മുഴങ്ങുന്ന മൊബൈല്‍ ഫോണ്‍ റിംഗ്‌ ടോണുകളുടെയും മോണിട്ടറില്‍ മിന്നിമറയുന്ന വെബ്‌ പേജുകളുടെയും നടുവില്‍ നിന്ന് അതൊന്നുമില്ലാത്ത, എന്തിന്‌ പബ്ലിക്‌ എസ്‌.ടി.ഡി ബൂത്തുകള്‍ക്ക്‌ വരെ നിരോധനമുള്ള ഈ ഊഷര ഭൂമിയിലെ നാളുകള്‍ അത്രമാത്രം മടുപ്പുളവാക്കിത്തുടങ്ങിയിരുന്നു എന്നില്‍.

സൈന്‍ ബോര്‍ഡുകളില്‍ മാത്രം ഇത്‌ 'സിറ്റി ഓഫ്‌ ടെമ്പിള്‍സ്‌' ആണ്‌. ജീവിക്കുന്ന ശവങ്ങളുടെ നാട്‌, അല്ലെങ്കില്‍ ഏതു നിമിഷവും ശവം ആവാന്‍ സാദ്ധ്യതയുള്ള ജീവികളുടെ നാട്‌! ദിവസങ്ങള്‍ക്കുമുമ്പ്‌ മാത്രം, അല്‍പം വൈകി എഴുന്നേറ്റതും സ്ഥിരമായി പോകാറുള്ള ബസ്‌ കിട്ടാതിരുന്നതും അത്തരമൊരു ശവമാകലില്‍നിന്ന് എന്നെയും രക്ഷിച്ചിരുന്നു. ജമ്മു-പഠാണ്‍കോഠ്‌ പാതയില്‍ തീവ്രവാദികളാല്‍ റാഞ്ചപ്പെട്ട ആ ബസിലും തുടര്‍ന്ന് കാലൂചക്കിലെ പട്ടാളക്കാരുടെ താമസസ്ഥലത്തുമായി കുരുതി കൊടുക്കപ്പെട്ടത്‌ മുപ്പത്തിനാലു ജീവിതങ്ങളായിരുന്നു. മഹാരാജാ രന്‍ജിത്‌ സിംഹന്റെ കാലത്തെ സുഖവും സമൃദ്ധിയും ഇന്ന് ജമ്മുവിലെ ഒരുവിഭാഗം മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നു.

മേംസാബും മകള്‍ ആര്‍തിയുമൊത്ത്‌ ബക്ഷിസാബിന്റെ കുലുങ്ങിച്ചിരിയുടെ അകമ്പടിയോടെ ഒരു ടാറ്റാ സുമോ വാനില്‍ എണ്ണമില്ലാത്ത മലകള്‍ കയറിമറിഞ്ഞ്‌ ഇടയ്ക്കിടെ മരിയാനാ ട്രഞ്ച്‌ പോലെ തോന്നിക്കുന്ന അഗാധമായ ഗര്‍ത്തങ്ങള്‍ക്കുമുകളില്‍ പട്ടാളക്കാര്‍ തീര്‍ത്ത, ഒരു വണ്ടിക്കു പോകാന്‍ മാത്രം വീതിയിലുള്ള ഇരുമ്പുപാലങ്ങള്‍ക്കുമീതെക്കൂടി ശ്രീനഗറിലേക്കുള്ള പ്രയാണം തുടര്‍ന്നപ്പോള്‍ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ നഷ്ടസ്വപ്നങ്ങളുടെ ഒരു വസന്തം വിരിഞ്ഞു.

"റിച്ചീ, ഇതൊക്കെ കണ്ടിട്ട്‌ ഒന്നും തോന്നിയിട്ടില്ലേ നിനക്കിതുവരെ?"

തലാവ്‌ പാലി തടാകക്കരയിലെ സായാഹ്നങ്ങള്‍... തടാകത്തിനു ചുറ്റും കെട്ടിയ രണ്ടരയടി വീതിയിലുള്ള, മേല്‍ഭാഗം സിമന്റിട്ട്‌ മിനുസപ്പെടുത്തിയ കരിങ്കല്‍ ഭിത്തിയിന്മേല്‍ ചുറ്റിലുമൊഴുകുന്ന ജനസാഗരത്തെ തെല്ലും വില കല്‍പ്പിക്കാതെ പരസ്പരം കണ്ണുകളിലേക്കുറ്റു നോക്കി പ്രണയം പങ്കിടുന്ന യുവജോഡികള്‍. ചിലര്‍ അല്‍പം കൂടി സ്വാതന്ത്ര്യമെടുത്ത്‌ ശരീരാവയവങ്ങളെ താലോലിക്കുന്നു, മറ്റുചിലര്‍ പരസ്പരം ചുംബിയ്ക്കുന്നു.
ശരിയാണല്ലോ! കഴിഞ്ഞ പതിനൊന്നു മാസമായി നിഷികയോറ്റൊത്ത്‌ വൈകുന്നേരങ്ങളില്‍ ഇതെല്ലാം കണ്ട്‌ ഒരുദിവസം പോലും മുടങ്ങാതെ ഈ തടാകക്കരയെ വലം വയ്ക്കുന്നു, എന്നിട്ടുമെന്തേ എനിക്കുമാത്രം ഒരല്‍പനേരം ഈ കരിങ്കല്‍ക്കെട്ടില്‍ ഒന്നിരിയ്ക്കാനോ സ്നേഹത്തോടെ രണ്ടുവാക്ക്‌ അവളോടു സംസാരിക്കാനോ തോന്നിയില്ല? തിരക്കിന്മേല്‍ തിരക്കും പരാധീനതകളും കുന്നുകൂടുന്ന ഈ മുംബായ്‌ നഗരത്തിന്റെ മുഷിപ്പിക്കുന്ന കാറ്റിലലിയാന്‍ മനസ്സിനു സാധിക്കാത്തതുകൊണ്ടാണോ? അതോ മറ്റെന്തെങ്കിലും കാരണമുണ്ടാവുമോ?

നിഷികയുടെ മുഖത്തേക്ക്‌ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു:
"ഡിയര്‍ നിഷികാ, എനിക്ക്‌ എന്ത്‌ തോന്നുന്നു, തോന്നാതിരിക്കുന്നു എന്നതില്‍ കാര്യമില്ലല്ലോ, നിനക്കെന്ത്‌ തോന്നുന്നു എന്നതിലല്ലേ കാര്യം?"

ലഞ്ച്‌ ബോക്സിട്ട സഞ്ചി ചുഴറ്റി തലയ്ക്കിട്ടുതന്നെ ഒന്നു തന്നിട്ട്‌ നിഷിക നടപ്പിന്റെ വേഗം കൂട്ടി. പിണങ്ങി നടന്നു പോകുന്ന അവളെ പിന്നില്‍നിന്ന് നോക്കി എന്തോ ആലോചിച്ച്‌, ഒന്നു പുഞ്ചിരിച്ച്‌ തടാകത്തിനരികത്ത്‌ ചുറ്റിത്തിരിയുന്ന പെഡല്‍ബോട്ടുകളെ നോക്കി അല്‍പനേരം അവിടെത്തന്നെ നിന്നു. രണ്ട്‌ കുഞ്ഞു സ്റ്റീല്‍ ഗ്ലാസുകളില്‍ ആവി പറക്കുന്ന കൊഴുത്ത കടുപ്പമുള്ള ചായയുമായി അവള്‍ മടങ്ങിയെത്തി.

"ഇതു കുടിക്ക്‌, നിന്റെ തലയുടെ ഓളം മാറും."

അഖാഫ്‌ മാര്‍ക്കറ്റിലെ ഇടുങ്ങിയ മുറിയില്‍ തലേന്നത്തെ നാടന്‍ വിസ്കിയുടെ കെട്ട്‌ വിടാതെ കിടക്കുമ്പോള്‍ ചിലപ്പോളൊക്കെ ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കും.

"ഞാനിന്നും ലേറ്റായെടാ, ഒന്ന് ഡ്രോപ്പാമോ എന്നെ?"

"ആരുപറ‍ഞ്ഞു ലേറ്റാവാന്‍ നിന്നോട്‌?"

എന്ന മറുപടിയും എന്റെ നീല ബുള്ളറ്റും ഒരേസമയം ഗേറ്റ്‌ കടക്കും. അവളെയും പിന്നിലിരുത്തി ബേലാപ്പൂര്‍ റോഡിലെ സീമെന്‍സിനു മുന്നില്‍ അവസാനിക്കുന്ന യാത്രകള്‍..

"എവിടായിരുന്നു രാത്രി രണ്ടാളും കൂടി? ഒന്നു കുളിച്ചിട്ടൊക്കെ വന്നൂടേ ഓഫീസിലേക്ക്‌?"

എന്ന സഹപ്രവര്‍ത്തകരുടെ കളിയാക്കലില്‍ ഞാന്‍ ചൂളുമ്പോള്‍ അവള്‍ അതില്‍ എന്തോ രസം കണ്ടെത്തി പൊട്ടിച്ചിരിക്കുമായിരുന്നു. അരോചകമായിത്തീരുന്ന ആ ചിരിയെ മറികടക്കാന്‍ ഞാന്‍ ആക്സിലേറ്ററില്‍ കൈ തിരിക്കും. കടകടാരവം മുഴക്കി വണ്ടിയും ഞാനും ഫ്ലൈ ഓവര്‍ കയറും.

പെട്ടെന്നുണ്ടായ ചില കരണം മറിച്ചിലുകള്‍ക്കൊടുവില്‍ ഞാന്‍ ജമ്മുവുലെത്തിയപ്പൊഴേയ്ക്കും ഞാന്‍ കയ്യടക്കി വച്ചിരുന്ന പ്രണയത്തിരശ്ശീലയുടെ വള്ളിയില്‍ ദീദി പിടിമുറുക്കിക്കഴിഞ്ഞിരുന്നു. ഞാന്‍ മദ്യപിക്കുന്നത്‌ അവള്‍ക്ക്‌ ഇഷ്ടമല്ലായിരുന്നു. എങ്കിലും നേരിട്ടുള്ള ഇടപഴകലുകളില്‍ അത്യാവശ്യം ഭംഗിയായി അഭിനയിക്കാന്‍ എനിക്ക്‌ സാധിച്ചിരുന്നു. എന്നാല്‍ ജമ്മുവിലെത്തിയശേഷം ഫോണിലൂടെയുള്ള എന്റെ അഭിനയം അവള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണോ അതോ ഞങ്ങളിലെ പ്രണയം തിരിച്ചറിയാന്‍ പെട്ടെന്നുണ്ടായ അസാന്നിദ്ധ്യം തന്നെ വേണ്ടിവന്നതുകൊണ്ടാണോ... എന്തോ, അവള്‍ എന്നോട്‌ സംസാരിക്കാന്‍ താല്‍പര്യം കാട്ടിയില്ല. പകരം ദീദി അവളോടു സംസാരിച്ചു, എന്നോടവളെ മറക്കാന്‍ ആവശ്യപ്പെട്ടു.

"എന്തുപറ്റി റിച്ചാര്‍ഡ്‌, കണ്ണില്‍ വല്ലതും പോയോ?"

ഒരു പക്ഷെ ബക്ഷിസാബ്‌ കരഞ്ഞുകണ്ടിട്ടില്ലാത്തതുകൊണ്ടാ
വാം, മേംസാബിന്‌ ആണുങ്ങളുടെ കണ്ണില്‍നിന്ന് വെള്ളം വരുന്നത്‌ കണ്ണില്‍ പ്രവേശിച്ച അന്യ വസ്തുവിനോടുള്ള പ്രതിരോധം മാത്രമായേ മനസ്സിലാവൂ എന്ന് തോന്നുന്നു. വണ്ടി ശ്രീനഗറിലേക്കടുത്തുകൊണ്ടിരുന്നു. ലാല്‍ ചൗക്കിലെ ഒരുദിവസത്തെ താമസത്തിനു ശേഷം മാത്രമേ ഞങ്ങള്‍ ഗുല്‍മര്‍ഗിലേക്ക്‌ പുറപ്പെടൂ. ദാല്‍ ലേക്കിലെ ബോട്ട്‌ ഹൗസുകളെക്കുറിച്ചും കാശ്മീരിപെണ്‍കുട്ടികളുടെ ശാലീന സൗന്ദര്യത്തെക്കുറിച്ചും മറ്റും ആര്‍തി വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

ശ്രീനഗറില്‍ നിന്ന് അന്‍പതോളം മൈല്‍ ദൂരെ ഗുല്‍മര്‍ഗെന്ന, ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ ആര്‍തി എന്നിലേക്കടുത്തിരുന്നു, ഒരുപാട്‌. കഥകേള്‍ക്കാനിഷ്ടപ്പെടുന്ന ആ പതിനഞ്ചുകാരിക്ക്‌ പണ്ടുകേട്ടുമറന്ന ഒരു പാട്ടിലെ ഏതാനും വരികള്‍ ഞാന്‍ പാടിക്കൊടുത്തു:

"ആത്തീ ഥീ ആവാസ്‌ ഹമേശാ,
യേ ഝില്‍മില്‍ ഝില്‍മില്‍ താരോം സേ,
ജിസ്കാ നാം മൊഹബ്ബത്‌ ഹേ വോ
കബ്‌ രുക്തേ ഹേ ദീവാരോം സേ
എക്‌ ദിന്‍ ആഹ്‌ ഗുലോ ബുള്‍ബുള്‍ കേ
ഉസ്‌ പിഞ്ച്‌രേ സേ ജാ ടക്‍രായേ,
ടൂടാ പിഞ്ച്‌രാ, ഛൂട്ടാ കൈദീ,
ദേതാ രഹാ സൈയാദ്‌ ദുഹായീ.
രോക്‌ സകേ നാ ഉസ്കൊ മിലാകേ സാരാ ജമാനാ, സാരീ ഖുദായീ
ഗുല്‍ സാജന്‍ കോ ഗീത്‌ സുനാനേ,
ബുള്‍ബുള്‍ ബാഗ്‌ മെ വാപസ്‌ ആയീ.."


സഞ്ചാരികള്‍ ഗുല്‍മര്‍ഗിലെ മഞ്ഞുപാളികള്‍ക്കിടയില്‍ ആനന്ദം കണ്ടെത്തിയപ്പോള്‍ ഞാന്‍ അവയ്ക്കിടയില്‍ ഗുല്ലിനെത്തേടി, അവന്റെ ബുള്‍ബുളിനെയും.